We have 31 guests online
അംഗങ്ങൾ : 206
ലേഖനങ്ങൾ : 144
കമ്പ്യൂട്ടറുകളുടെ ചരിത്രം - ഭാഗം 3 E-mail
ലേഖനങ്ങൾ
Written by ആർപിആർ | RPR   
Saturday, 19 September 2009 12:35
AddThis

കമ്പ്യൂട്ടറുകളുടെ ചരിത്രം - ഭാഗം 1
കമ്പ്യൂട്ടറുകളുടെ ചരിത്രം - ഭാഗം 2
 
എനിയാക് (ENIAC - Electrical Numerical Integrator and Calculator)

ജോണ്‍ മൌഷ്ലി ചീഫ് കണ്‍സള്‍ട്ടന്റും പ്രെസ്പര്‍ ചീഫ് എഞ്ചിനിയറും ആയി  ‘പ്രൊജക്ട് - എക്സ്‘ (Project-X) എന്ന കോഡ് നാമത്തില്‍  1943 ല്‍ എനിയാകിന്റെ ഡിസൈനിങ്ങ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഡിസൈന്‍ ജോലികള്‍ക്കായി ഏകദേശം ഒരു വര്‍ഷവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 18 മാസവും വേണ്ടി വന്നു.
 
അഞ്ചു ലക്ഷം ഡോളറാണ് ഈ പ്രൊജക്ടിനായി അമേരിക്കന്‍ മിലിട്ടറി നീക്കിവെച്ചത്. എന്നാല്‍ പ്രാഥമിക ലക്ഷ്യമായിരുന്ന ബാലിസ്റ്റിക്ക് ഫയറിങ്ങ് ടേബിള്‍ കാല്‍ക്കുലേഷനു വേണ്ടി എനിയാക് ഉപയോഗിക്കുകയുണ്ടായില്ല. 1946 ല്‍ പണിപൂര്‍ത്തിയാകുമ്പോഴേയ്ക്കും രണ്ടാം ലോക മഹായുദ്ധം അവസാനിച്ചിരുന്നു. പിന്നീട് മാരകമായ ഹൈഡ്രജന്‍ ബോബിന്റെ ഡിസൈന്‍ / നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും റാന്‍ഡം നമ്പറുകളെ കുറിച്ചും, വിന്‍ഡ് ടണല്‍ ഡിസൈന്‍ പോലെയുള്ള ഗവേഷണ വിഷയങ്ങള്‍ക്കും വേണ്ടിയാണ് എനിയാക് ഉപയോഗിക്കപ്പെട്ടത്.
 

എനിയാക് (ENIAC)
 
ആദ്യത്തെ ഇലക്ട്രോണിക്ക് ഡിജിറ്റല്‍ കമ്പ്യൂട്ടര്‍ എനിയാക് ആണെന്നാണ് കണക്കാക്കപ്പെടുന്നത്. അന്നു വരെ നിലവിലിരുന്ന കമ്പ്യൂട്ടറുകള്‍ ഒരു പ്രത്യേക തരം ജോലി ചെയ്യുവാനായി മാത്രം നിര്‍മ്മിക്കപ്പെട്ടവയായിരുന്നുവെങ്കില്‍ റീ-പ്രോഗ്രാമിങ്ങിലൂടെ ഏതു തരം ജോലി ചെയ്യുവാനും പ്രാപ്തമായ ഒരു ജനറല്‍ പര്‍പ്പസ് കമ്പ്യൂട്ടര്‍ ആയിരുന്നു എനിയാക്. കമ്പ്യൂട്ടിങ്ങ് പവറില്‍ മാത്രമല്ല രൂപത്തിലും ഭാവത്തിലും എനിയാക്ക് അന്നുള്ള മറ്റ് കമ്പ്യൂട്ടറുകളേക്കാള്‍ വളരെ വ്യത്യസ്തമായിരുന്നു. എനിയാക്കിന്റെ ചില വിവരങ്ങള്‍ താഴെ :

  • നീളം -  25 മീറ്റര്‍
  • വീതി - 2.5 മീറ്റര്‍
  • ഉയരം - 1 മീറ്റര്‍
  • ഭാരം - 27 ടണ്‍
  • റിലേകള്‍ - 1,500
  • വാക്വം ട്യൂബുകള്‍ - 17,500
  • ഡയോഡുകള്‍ - 7,200
  • റെസിസ്റ്ററുകള്‍ - 70,000
  • സ്വിച്ചുകള്‍ - 6,000
  • കപ്പാസിറ്ററുകള്‍ - 10,000
  • പവര്‍ ഉപയോഗം - 150 കിലോ വാട്ട് (KW) (ഇന്ന് ഈ പവര്‍ ഉപയോഗിച്ച് 600 പെഴ്സണല്‍ കമ്പ്യൂട്ടറുകളോ 1000 ടെലിവിഷന്‍ സെറ്റുകളോ പ്രവര്‍ത്തിപ്പിക്കാം !)
  • ഇന്‍പുട്ട് ഡിവൈസ് - ഐ.ബി.എം കാര്‍ഡ് റീഡര്‍
  • ഔട്ട്പുട്ട് ഡിവൈസ് - ഐ.ബി.എം. പഞ്ച് കാര്‍ഡുകള്‍
  • മൊത്തം ഏരിയാ - 167 സ്ക്വയര്‍ മീറ്റര്‍

എനിയാക് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഫിലാല്‍ഡല്‍ഫിയായില്‍ പലയിടങ്ങളിലും ഇലക്ട്രിസിറ്റി ലഭ്യമല്ലാതാകുമായിരുന്നു എന്ന് ഒരു തമാശതന്നെ അക്കാലത്ത് പ്രചരിച്ചിരുന്നു.

പലതരം കാല്‍ക്കുലേഷനുകള്‍ ചെയ്യുന്ന നിരവധി പാനലുകള്‍ ചേര്‍ന്ന ഒരു മോഡുലാര്‍ ഡിസൈനിങ്ങ് രീതിയായിരുന്നു എനിയാക്കില്‍ അവലംബിച്ചത്. പാനലുകള്‍ തമ്മില്‍ ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യുവാനായി ട്രേകള്‍ (trays) എന്നറിയപ്പെടുന്ന ജനറല്‍ പര്‍പസ് ബസുകള്‍ (general purpose buses) ആയിരുന്നു സഹായിച്ചിരുന്നത്.
 
മേല്‍‌പ്പറഞ്ഞ വിവരങ്ങളില്‍ നിന്ന് എത്ര വലുതായിരുന്നു എനിയാക്കിന്റെ രൂപം എന്നത് മനസിലാക്കാം.  അന്നു നിലവിലിരുന്ന സാങ്കേതിക വിദ്യകള്‍ പ്രകാരം ഇത്രയധികം സങ്കീന്‍ണ്ണമായ ഒരു കമ്പ്യൂട്ടര്‍ നിര്‍മ്മാണത്തിനായി ആയിരക്കണക്കിനു കിലോമീറ്റര്‍ ഇലക്ട്രിക്കല്‍ വയറുകള്‍ ആവശ്യമായി വരുമെന്നതിനാല്‍  എലികളില്‍ (mice) നിന്ന് ഇത്രയധികം വയറുകളെ (wires) എങ്ങനെ സംരക്ഷിക്കാം എന്നത് നിര്‍മാണ സമയത്ത് മൌഷ്ലിയും എക്കര്‍ട്ടും അഭിമുഖീകരിച്ച ഒരു പ്രധാന പ്രശ്മ്നമായിരുന്നു . ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും അതിനായി ‘മൌസ് ടെസ്റ്റ്’ എന്ന ഒരു വിദ്യ തന്നെ അവര്‍ പരീക്ഷിച്ചു നോക്കിയിരുന്നു. അന്നു ലഭ്യമായിരുന്ന എല്ലാത്തരം ഇലക്ട്രിക്കല്‍ വയറുകളും ശേഖരിച്ച് ഒരു മെറ്റല്‍ ബോക്സിനുള്ളില്‍ എലികള്‍ക്കായി നല്‍കി. ഏതുതരം വയറുകളോടാണ് എലികള്‍ കൂടുതല്‍ താല്പര്യം കാണിക്കാതിരിക്കുന്നത്  എന്ന് പരീക്ഷിച്ചറിയുകയായിരുന്നു ലക്ഷ്യം. ഈ ടെസ്റ്റില്‍ വിജയിച്ച ഗ്രേഡിലുള്ള വയറുകള്‍ മാത്രം ഉപയോഗിച്ചാണ് എനിയാക്കിലെ മൊത്തം വയറിങ്ങുകളും നടത്തിയത്.

എനിയാക്കിന്റെ കാല്‍കുലേറ്റിങ്ങ് പവര്‍ അക്കാലത്ത് അല്‍ഭുതകരമായ ഒന്നായിരുന്നു. 5,000 കൂട്ടലുകള്‍ (additions), 357 ഗുണനങ്ങള്‍ (multiplications), 38 ഹരണങ്ങള്‍ (divisions) എന്നിവ ഒരു സെക്കന്റില്‍ ചെയ്യുവാന്‍ എനിയാക്കിനു കഴിഞ്ഞിരുന്നു. - അന്ന് നിലവിലുണ്ടായിരുന്ന ഏറ്റവും വേഗതയേറിയ കമ്പ്യൂട്ടറിനേക്കാള്‍ ഏതാണ്ട് ആയിരം മടങ്ങ് വേഗത !!. ഇക്കാരണത്താല്‍ തന്നെ 1946 ല്‍ പ്രൊജക്ട് അന‍ൗണ്‍സ് ചെയ്തപ്പോള്‍ മുതല്‍ ‘ഭീമാകര തലച്ചോര്‍’ (Giant Brain) എന്ന വിളിപ്പേരിലായിരുന്നു  മാധ്യമങ്ങളിലുള്‍പ്പെടെ എനിയാക് അറിയപ്പെട്ടുവന്നത്.
 
ഇലക്ട്രോണിക്ക് ഡിജിറ്റല്‍ കമ്പ്യൂട്ടിങ്ങ് ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറിയ ഈ കണ്ടുപിടുത്തം പിന്നീടങ്ങോട്ട് വിപ്ലവകരമായ പല കുതിച്ചുചാട്ടങ്ങള്‍ക്കും വഴിമരുന്നായി മാറി.  എനിയാക്കിനു മുന്‍പും എനിയാക്കിനു ശേഷവും എന്ന് രണ്ട് കാലഘട്ടങ്ങളായി കമ്പ്യൂട്ടര്‍ ചരിത്രത്തെ പല കമ്പ്യൂട്ടര്‍ ചരിത്രകാരന്മാരും ശാസ്ത്രഞന്മാരും പിന്നീട് വിശേഷിപ്പിക്കാന്‍ തുടങ്ങി. കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയില്‍ അത്രമേല്‍ സ്വാധീനമാണ് എനിയാക് പിന്നീടങ്ങോട്ടുള്ള കാലങ്ങളില്‍ ചെലുത്തിയത്. എന്നിരുന്നാലും ഈ നാഴികക്കല്ല് ഒരു ലോകമഹായുദ്ധത്തിന്റെ ഉപോല്‍‌പ്പന്നമായിരുന്നു എന്നത് ചരിത്രത്തിന്റെ മറ്റൊരു ആകസ്മികതയാവാം !..

എഡ്‌വാക് (EDVAC - Electronic Discrete Variable Automatic Computer)

ഇതിനിടയില്‍ 1945 ല്‍ ഹംഗേറിയനായ ജോണ്‍ വോണ്‍ ന്യൂമാന്‍ എഡ്‌വാക്ക് (EDVAC) എന്ന, ആദ്യത്തെ ബൈനറി നമ്പര്‍ (binary numbers) അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു പ്രോഗ്രാമബിള്‍ കമ്പ്യൂട്ടര്‍ നിര്‍മ്മിക്കുവാനുള്ള പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കി. എനിയാക്ക് വികസിപ്പിച്ച ജോണ്‍ മൌഷ്ലിയും  ജോണ്‍ പ്രെസ്പറും തന്നെയായിരുന്നു എഡ്‌വാക്കിന്റേയും ശില്പികള്‍. വോണ്‍ ന്യൂമാന്‍ പ്രൊജക്ട് കണ്‍സള്‍ട്ടെന്റായി പ്രവര്‍ത്തിച്ചു. എനിയാക്ക് പൂര്‍ത്തിയായ 1946 നു മുന്‍പ് 1944 ല്‍ തന്നെ ഈ പ്രൊജക്ടിന്റെ പ്രൊപ്പോസല്‍ മൌഷ്ലിയും പ്രെസ്പറും നടത്തിയിരുന്നുവെങ്കിലും വിശദമായ ഒരു പ്രൊജക്ട് ഡ്രാഫ്റ്റ് വോണ്‍ ന്യൂമാന്‍ 1945 ല്‍ നല്‍കിയതോടെയാണ് ഈ പ്രൊജക്ടിന് തുടക്കം കുറിച്ചത്.

 

 
എഡ്‌വാക് (EDVAC)
 
യു.എസ് ആര്‍മിയുടെ ബാലിസ്റ്റിക്ക് റിസര്‍ച്ച് ലബോറട്ടറിക്കുവേണ്ടി യൂണിവേഴ്സിറ്റി ഓഫ് പെനുസില്‍‌വാനിയായിലെ മൂര്‍സ് സ്കൂള്‍ ഓഫ് ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങ് ആയിരുന്നു എഡ്‌വാക്ക് നിര്‍മ്മിച്ചത്. എനിയാക്കിലെ ചില ടെക്നിക്കല്‍ പോരായ്മകളെ മറികടക്കുന്നതിനായുള്ള ആര്‍ക്കിടെക്ചറല്‍ തിരുത്തലുകളും അസംഖ്യം കൂട്ടിച്ചേര്‍ക്കലുകളും , സീരിയല്‍ ആക്സസ് മെമ്മറി (serial access memory) പോലുള്ള പുതിയ ചില ആശയങ്ങളും എഡ്‌വാക് ഡിസൈനില്‍ ഉള്‍പ്പെടുത്തിയിരുന്നു. എനിയാക്കിനായി മൌഷ്ലിക്കൊപ്പം പ്രവര്‍ത്തിച്ച എല്ലാം ശാസ്ത്രഞരും എഡ്‌വാക്കിനായും പ്രവര്‍ത്തികുകയുണ്ടായി.  1946 ഏപ്രില്‍ മാസത്തില്‍ ഒപ്പിട്ട കോണ്ട്രാക്ട് പ്രകാരം ഒരു ലക്ഷം അമേരിക്കന്‍ ഡോളറ് ആയിരുന്നു ആദ്യ ബഡ്ജറ്റ് എങ്കിലും പൂര്‍ത്തിയായപ്പോഴേയ്ക്കും അഞ്ചു ലക്ഷത്തോളം അമേരിക്കന്‍ ഡോളര്‍ എഡ്‌വാക്കിനായി യു.എസ് ആര്‍മി ചിലവിട്ടു.  

ചില ടെക്നിക്കല്‍ വിവരങ്ങള്‍

  • വാക്വം ട്യൂബുകള്‍  -  6,000
  • ഡയോഡുകള്‍         -  12,000
  • പവര്‍ ഉപയോഗം   -  56 കിലോ വാട്ട് (എനിയാകിന്റെ പവര്‍ ഉപയോഗത്തിന്റെ 1/3 മാത്രം !)
  • മൊത്തം ഏരിയാ    - 45 സ്ക്വയര്‍ മീറ്റര്‍
  • ഭാരം                      -  7.8 ടണ്‍
  • മെമ്മറി കപ്പാസിറ്റി -  5.5 കിലോ ബൈറ്റ് (KB)

മാഗ്നറ്റിക് ടേപ്പ് റീഡര്‍ / റൈറ്റര്‍, അള്‍ട്രാസോണിക് സീരിയല്‍ മെമ്മറി എന്നീ പുതിയ ഉപകരണങ്ങള്‍ ആദ്യമായി എഡ്‌വാക്കില്‍ അവതരിപ്പിക്കപ്പെട്ടു. 1949 ല്‍ എഡ്‌വാക്ക് ബാലസ്റ്റിക്ക് റിസര്‍ച്ച് ലബോറട്ടറിക്ക് കമ്മീഷന്‍ ചെയ്തു. എന്നാല്‍ തുടര്‍ച്ചയായ ടെക്നിക്കല്‍ തകരാറുകള്‍ നിമിത്തം എഡ്‌വാക്കിനെ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കുവാനായി വീണ്ടും സമയം വേണ്ടി വന്നു. ഒട്ടനവധി റീ ഡിസൈനിങ്ങിനും തിരുത്തലുകള്‍ക്കും ശേഷം 1951 ല്‍ എഡ്‌വാക്ക് ഒടുവില്‍ പ്രവര്‍ത്തന സജ്ജമായി.  

പേറ്റന്റ് തര്‍ക്കങ്ങളെ തുടര്‍ന്ന് മൌഷ്ലിയും എക്കര്‍ട്ടും യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍‌വാനിയായില്‍ നിന്നും രാജി വെയ്ക്കുകയും എക്കര്‍ട്ട്-മൌഷ്ലി കമ്പ്യൂട്ടര്‍ കോര്‍പ്പറേഷന്‍ എന്ന പുതിയ കമ്പനി രൂപീകരിക്കുകയും ചെയ്തു. എനിയാകിലും എഡ്‌വാകിലും ലഭിച്ച പ്രവര്‍ത്തന പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ബൈനാക് (BINAC) എന്നൊരു പുതിയ കമ്പ്യൂട്ടര്‍ അവര്‍ നിര്‍മ്മിക്കുകയുണ്ടായി. എന്നാല്‍ രണ്ടാമത്തെ പ്രൊജക്ടായ യൂണിവാക് (UNIVAC)  പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് തന്നെ എക്കര്‍ട്ട്-മൌഷ്ലി കമ്പ്യൂട്ടര്‍ കോര്‍പ്പറേഷന്‍ റെമിങ്ങ്ടണ്‍ റാന്‍ഡ് എന്ന കമ്പനിയുടെ ഭാഗമായി മാറി.

ഈ കാ‍ലഘട്ടത്തിനിടയില്‍ ഇലക്ട്രോണിക്സ് രംഗത്ത് വിപ്ലവകരമായ രണ്ട് കണ്ടുപിടുത്തങ്ങള്‍ നടക്കുകയുണ്ടായി.

1. വില്യംസ് ട്യൂബ് (Williams Tube) എന്ന റാന്‍ഡം ആക്സസ് മെമ്മറി (random access memory-RAM) 1947 ല്‍ സര്‍. ഫെഡറിക്ക് വില്യംസ് കണ്ടുപിടിച്ചു. ഒരു കാഥോഡ് റേ ട്യൂബിന്റെ (cathod ray tube)  ഉള്ളില്‍ ഡോട്ടുകളും ഡാഷുകളുമായി (dots and dahses) ഫോസ്ഫോറസന്റ് മെറ്റീരിയല്‍ പതിപ്പിച്ച് അതില്‍ ബൈനറി ഒന്നിനേയും പൂജ്യത്തേയും സൂക്ഷിച്ച് വെയ്ക്കാമെന്ന് അദ്ദേഹം പരീക്ഷണത്തിലൂടെ തെളിയിച്ചു. കാഥോട് റേ ട്യൂബിന്റെ ഈ പരിഷ്കരിച്ച പതിപ്പാണ് വില്യംസ് ട്യൂബ് എന്നറിയപ്പെട്ടത്. ഐ.ബി.എം 701 പോലെയുള്ള വാക്വം ട്യൂബ് അധിഷ്ടിത കമ്പ്യൂട്ടറുകളില്‍ വില്യംസ് ട്യൂബ് ആയിരുന്നു പ്രൈമറി മെമ്മറി ആയി ഉപയോഗിച്ചിരുന്നത്.
 

വില്യംസ് ട്യൂബ് (Williams Tube)
 
2.  വില്യം ഷോൿലി (William Shockley), വാള്‍ട്ടര്‍ ബ്രട്ടേന്‍ (Walter Brattain), ജോണ്‍ ബാര്‍ഡീന്‍ (John Bardeen) എന്നിവര്‍ ചേര്‍ന്ന് ആദ്യത്തെ ട്രാന്‍സിസ്റ്റര്‍ നിര്‍മ്മിച്ചുകൊണ്ട് സെമികണ്ടക്ടര്‍ യുഗത്തിനു നാന്ദി കുറിച്ചു. AT&T യുടേയും Bell ലബോറട്ടറിയുടേയും നേത്രത്വത്തില്‍ നടന്ന തുടര്‍ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ട്രാന്‍സിസ്റ്ററുകള്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മാണമാരംഭിക്കുകയും അതോടെ വാക്വം ട്യൂബുകള്‍  ട്രാന്‍സിസ്റ്ററുകള്‍ക്ക് വഴി മാറി തുടങ്ങുകയും ചെയ്തു.അന്നുമുതലിങ്ങോട്ട് ഇലക്ടോണിക്ക് ഉപകരണങ്ങള്‍ ഭീമാകാരമായ രൂപത്തില്‍ നിന്നും ചെറുതാകുവാന്‍ തുടങ്ങി.  ഇലക്ട്രോണിക്ക് രംഗത്ത് തുടങ്ങിയ ഈ വിപ്ലവം കമ്പ്യൂട്ടറുകളുടെ മേഖലയിലാണു കൂടുതല്‍ മാറ്റങ്ങള്‍ വരുത്തിയത്.



ആദ്യകാല ട്രാന്‍സിസ്റ്ററുകളിലൊന്ന്
 
1936 ല്‍ ബ്രിട്ടീഷ് ശാസ്ത്രഞനായ അലന്‍ ട്യൂറിങ്ങ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ്ങിനെ കുറിച്ച് നടത്തിയ ഗവേഷണങ്ങള്‍ക്കൊടുവില്‍ ‘പ്രൊപ്പോസ്ഡ് ഇലക്ട്രോണിക്ക് കാല്‍കുലേറ്റര്‍’ (Proposed Electronic Calculator) എന്ന പേരില്‍ ഒരു ടെക്നിക്കല്‍ ഡിസൈന്‍ തയാറാക്കിയിരുന്നു. ബ്ലെച്ലി പാര്‍ക്കില്‍ കോളോസസ് കമ്പ്യൂട്ടര്‍ വികസിപ്പിച്ച ടീമില്‍ അംഗമായിരുന്നപ്പോള്‍ ലഭിച്ച പ്രവര്‍ത്തിപരിചയമായിരുന്നു ഇങ്ങനെയൊരു പുതിയ ഡിസൈന്‍ വികസിപ്പിക്കാന്‍ ട്യൂറിങ്ങിനു പ്രചോദനമായത്. 1946 ല്‍ അലന്‍ ട്യൂറിങ്ങ് നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയുടെ (NPL) ടെക്നിക്കല്‍ കമ്മിറ്റിക്ക് വിശദമായ ഒരു ഡിസൈന്‍ പ്രോപ്പോസല്‍ നല്‍കുകയുണ്ടായി.  എന്നാല്‍ അന്ന് നിലവിലിരുന്ന ശക്തമായ ഒഫീഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരം മൂലം ട്യൂറിങ്ങിന്റെ ഈ ഡിസൈന്‍ പ്രാവര്‍ത്തികമാകുന്നതിനെ കുറിച്ച് പുറം ലോകം അറിഞ്ഞിരുന്നില്ല. എന്നാല്‍ ഇതേ സമയത്തു തന്നെ നിര്‍മാണം നടന്നു വന്ന എഡ്‌വാക് (EDVAC) ലോക ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു.സര്‍ക്യൂട്ട്, ലോജിക്കല്‍ ഡയഗ്രമുകളും കോസ്റ്റ് എസ്റ്റിമേറ്റുകളുമടക്കം (US$ 11,200)  വളരെ വിശദമായ ടെക്നിക്കല്‍ സ്പെസിഫിക്കേഷനുകള്‍ എയ്സ് (AEC) ഡിസൈനില്‍  ഉള്‍പ്പെട്ടിരുന്നു.

കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തന വേഗതയില്‍ മെമ്മറിയുടെ സ്ഥാനം നന്നായി മനസിലാക്കിയിരുന്ന ട്യൂറിങ്ങ്, അന്ന് നിലവിലിരുന്ന രീതികള്‍ക്ക് വ്യത്യസ്തമായി, ഇന്നത്തെ കണക്കുകള്‍ പ്രകാരം 1 മെഗാ ഹെര്‍ട്സ് വേഗതയില്‍ പ്രവര്‍ത്തിക്കുന്ന 25 KB മെമ്മറിയാണ് നിര്‍ദ്ദേശിച്ചത്. സബ്‌റൂട്ടീനുകള്‍, അബ്രീവിയേറ്റഡ് കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ഷന്‍സ് (ACI)  എന്നിവ എയ്സില്‍ നിര്‍ദ്ദേശിക്കപ്പെട്ട പ്രധാന ചില പ്രത്യേകതകള്‍ ആയിരുന്നു.
ഈ ഡിസൈനിനെ ആധാരമാക്കി നാഷണല്‍ ഫിസിക്കല്‍  ലബോറട്ടറിയില്‍  നിര്‍മ്മിച്ച ബ്രിട്ടണിലെ ആദ്യത്തെ സ്റ്റോര്‍ഡ് പ്രോഗ്രാം കമ്പ്യൂട്ടറാണ് പൈലറ്റ് എയ്സ് (Pilot ACE). ട്യൂറിങ്ങിന്റെ യഥാര്‍ഥ എയ്സ് ഡിസൈനില്‍ നിന്നും വളരെയധികം മാറ്റങ്ങള്‍ വരുത്തിയ ഒരു ചെറുപതിപ്പായിരുന്നു അത്. വാക്വം ട്യൂബ് അധിഷഠിതമായി നിര്‍മ്മിച്ച ഈ കമ്പ്യൂട്ടറില്‍ വേഗത വര്‍ദ്ധിപ്പിക്കുവാനായി മെര്‍ക്കുറി ഡിലേ ലൈന്‍സ് (Mercury Delay Lines) എന്ന സാങ്കേതിക വിദ്യയാണ് മെമ്മറിയില്‍ ഉപയോഗിച്ചത്. 1950 മെയ് പത്താം തീയതി ആദ്യമായി പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ 1 മെഗാ ഹെര്‍ട്സ് (MHz) ക്ലോക്ക് സ്പീഡുമായി ബ്രിട്ടണിലെ ഏറ്റവും വേഗതയേറിയ കമ്പ്യൂട്ടറായി മാറുകയായിരുന്നു പൈലറ്റ് എയ്സ്.

സെലക്ടീവ് സീക്വന്‍സ് ഇലക്ട്രോണിക്ക് കാല്‍കുലേറ്റര്‍ (SSEC)

1948 ല്‍ തോമസ് ജെ. വാട്സണ്‍ന്റെ (Thomas J. Watson) നേത്രത്വത്തില്‍ ഐ.ബി.എം സെലക്ടീവ് സീക്വന്‍സ് ഇലക്ട്രോണിക്ക് കാല്‍കുലേറ്റര്‍ അധവാ പോപ്പാ (SSEC) എന്ന ഇലക്ട്രോ മെക്കാനിക്കല്‍ കമ്പ്യൂട്ടര്‍ വികസിപ്പിച്ചു. ഇലക്ട്രോണിക്ക് കമ്പ്യൂട്ടേഷനില്‍ സ്റ്റോര്‍ഡ് ഇന്‍സ്ട്രക്ഷനുകള്‍ ആദ്യമായി ഉപയോഗിച്ച കമ്പ്യൂട്ടര്‍, അവസാനമായി നിര്‍മ്മിക്കപ്പെട്ടവലിയ ഇലക്ട്രോമെക്കാനിക്കല്‍ കമ്പ്യൂട്ടര്‍, ആദ്യമായി സ്റ്റോര്‍ഡ് പ്രോഗാം ഉപയോഗിച്ച് കണക്കു കൂട്ടലുകള്‍ നടത്തിയ കമ്പ്യൂട്ടര്‍ എന്നീ ബഹുമതികള്‍ SSEC ക്ക് അവകാശപ്പെട്ടതാണ്. വാക്വം ട്യൂബുകളും മെക്കാനിക്കല്‍ റിലേകളും ഇലക്ട്രോണിക്ക് സര്‍ക്യൂട്ടുകളും അടങ്ങിയ ഒരു ഹൈബ്രിഡ് (hybrid) ഡിസൈന്‍ ആയിരുന്നു SSEC ന്റേത്. നാലു ലക്ഷത്തോളം അക്കങ്ങളെ സൂക്ഷിച്ചു വെയ്ക്കുവാനുള്ള സംഭരണ ശേഷി (storage capacity) ഈ കമ്പ്യൂട്ടറിനുണ്ടായിരുന്നു.

 

 IBM SSEC
 
13,500 വാക്വം ട്യൂബുകള്‍, 21,400 മെക്കാനിക്കല്‍ റിലേകള്‍ എന്നിവ നിര്‍മ്മാണത്തിനായി ഉപയോഗിച്ചു. അഡിഷനുകള്‍ 285 മൈക്രോ സെക്കന്റിലും, മള്‍ട്ടിപ്ലിക്കേഷനുകള്‍ 20,000 മൈക്രോ സെക്കന്റിലും ചെയ്യുവാന്‍ ഈ കമ്പ്യൂട്ടറിനു കഴിഞ്ഞിരുന്നു. (ഹാര്‍വാര്‍ഡ് മാര്‍ക്ക്-1 നേക്കാള്‍ 100 മടങ്ങ് വേഗത) . വളരെ ഉയര്‍ന്ന പ്രവര്‍ത്തന ക്ഷമത നല്‍കിയിരുന്ന SSEC, യു.എസ് അറ്റോമിക്ക് എനര്‍ജി കമ്മീഷനു വേണ്ടിയും പ്ലാനറ്ററി പൊസിഷന്‍ ടേബിളുകള്‍ തയാറാക്കുന്നതിനു വേണ്ടിയും പ്രവര്‍ത്തിച്ചു. SSEC തയാറാക്കിയ ഈ പൊസിഷന്‍ ടേബിളുകള്‍ 1969 ലെ അപ്പോളോ മൂണ്‍ മിഷനു വേണ്ടി ഉപയോഗിച്ചിരുന്നതായി നാസയുടെ റെക്കോര്‍ഡുകളില്‍ കാണാം.

തുടരും..

 
കടപ്പാട്:
www.wikipedia.org
www.crowl.org
 

അഭിപ്രായങ്ങൾ

പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക